Sunday, October 23, 2011

അവികല സ്നേഹം

അറിയുന്നു ഞാനപരാധിയാണെങ്കിലും
അകലാതെ  നിന്‍പാദമണയുന്നിതാ.
അര്‍പ്പിക്കുവാനില്ല പൊന്നും ധനങ്ങളും
അറിഞ്ഞു കൈക്കൊള്ളു‍കെന്‍ നീറുംമനം

അരുതെന്ന് ചൊല്ലിയ കാര്യങ്ങളൊക്കെയും
അറിയാതെ അപാരാധി ചെയ്തു പോയി
ആണികൾ ആഴ്ന്നതാം ആ കരം നീട്ടി നീ
കൂട്ടിനായ് വന്നതും കണ്ടീല ഞാന്‍

വീണുഞാനേകനായ് മാറിയനേരത്ത്
കാണുവാന്‍ സാധിച്ചെൻ ഉൾക്കണ്ണിനാൽ
യോഗ്യതയില്ലെനിക്കറിയുന്നുവെങ്കിലും
ഭാഗ്യമറിഞ്ഞു  ഞാന്‍ പൈതലെന്നു.

ഇത്ര ദ്രോഹിച്ചൊരിപ്പാപിയെപ്പോലുമേ
പുത്രനായ് വീണ്ടുമങ്ങുള്‍ക്കൊണ്ടതാം .
നിന്‍ മഹാ സ്നേഹമിന്നോര്ത്തിടുമ്പോള്‍-
ഞാനെങ്ങനെ പിന്നെയും പാപിയാകും..! 


Monday, August 1, 2011

"ദൈവം കൂടാരം പണിയുമ്പോള്‍..!"

"എന്തുകൊണ്ടാണെന്‍റെ നാഥാ..
ഏഴയാമെന്നെ വെടിഞ്ഞു.?.
നൊന്തു നീറുന്നൊരെന്‍ ഉള്ളം
കാണാതെയെന്തേ  അകന്നു...?"
ഒരു പിഞ്ചു കുഞ്ഞു പോ-
 ലേങ്ങി ക്കരഞ്ഞു ഞാൻ .
പിന്നെ ഞാന്‍ മെല്ലെയറിഞ്ഞു
നിന്‍ ശ്രേഷ്ഠമാം മാര്‍ഗ്ഗമതെന്ന്...!

വേദനയേറും മനമോ,
കരുതലില്‍ നീ തരും ദാനം!
യാതനയേറും ‌ദിനങ്ങള്‍,
നിന്നേറുന്ന സ്നേഹത്തിന്‍ മാനം!

തോണി തകര്ന്നുപോയാലും,
വന്നാഴിയില്‍ നീ താങ്ങുമെന്നെ!
മരുവില്‍ ഞാനേകനായാലും,
വഴികാട്ടി നീ കൂടെയെത്തും!

ഒരോ പരീക്ഷയിലൂടെ,
മോടിയായെന്നുടെ  ഹൃദയമൊരുക്കും!
നിര്മ്മലമായ എൻ  ഹൃദയാലയം
നിന്‍ രമ്യമാം ഹര്മ്യമായ് മാറും..
ഗുരുവായി നീയതിൽ പാർക്കും